Tuesday, February 28, 2012

എന്‍റെ സൂര്യന്‍

ഹൊ,എന്തൊരു നശിച്ച ചൂട്,ഒരു മരത്തണലെങ്കിലും ഉണ്ടായിരുന്നെങ്കില്‍.
ആ ശബ്ദം ഒരു ഞെട്ടലോടെ അയാള്‍ കേട്ടു തിരിഞ്ഞു നോക്കി ഏതോ യുവ
മിധുനങ്ങളാണ്. അടുത്ത് ബസ്‌റ്റോപ്പെന്നെഴുതിയ ചെറിയ ബോര്‍ഡുമാത്രം.
ഏറെ വേഗത്തിലയാള്‍ നടന്നു, ആ കാഴ്ചകാണാന്‍ കരുത്തില്ലാത്തവനെപ്പോലെ.
അയാള്‍ തോളില്‍ ഒരു മുഷിഞ്ഞ സഞ്ചി തൂക്കിയിരുന്നു. നീണ്ടു വളര്‍ന്ന താടി,മുഷിഞ്ഞു
നാറിയ വേഷം,നിസ്സഹായത തളംകെട്ടിയ കണ്ണുകള്‍. അയാള്‍ വളരെ അസ്വസ്തനായിരുന്നു.
പെട്ടെന്നയയാള്‍ക്കു കരയണമെന്നു തോന്നി. അയാള്‍കരഞ്ഞു, ആ കരച്ചിലിനുപക്ഷേ ശബ്ദമില്ലായിരുന്നു.
കണ്ണീരിന്റെ നനവും.
കരച്ചിലിന്റെ ഏതോ ഒരുഘട്ടത്തില്‍ അയാള്‍ തളര്‍ന്ന് വഴിവക്കിലിരുന്നു.
ശരീരത്തിന്റെ ഓരോ അണുവിലും മുഷിഞ്ഞ കൈവിരലുകള്‍ ഓടിച്ചുനോക്കി, എങ്ങാനും വിയര്‍പ്പു
ചാലുകള്‍ ഒഴുകുന്നുണ്ടോ?. ചക്രവാളത്തില്‍ കണ്ണുകള്‍ അലഞ്ഞു, ഏങ്ങാനും തന്റെ സൂര്യനുണ്ടോ.
ഇല്ല.... തലകറങ്ങുന്നതുപോലെ, ചുറ്റും കട്ടപിടിച്ച കറുത്തപക്ഷ തമസ്സായിരുന്നു തമസ്സുമാത്രം.
എങ്കിലും, അയാള്‍ അന്ധനായിരുന്നില്ല, ആകണ്ണുകള്‍ തുറന്നുതന്നെയിരുന്നു. ഒന്നുമാത്രമൊഴിച്ച്,
എല്ലാം കാണുന്നുമുണ്ടായിരുന്നു. നെറുകയില്‍ ചൂടു വമിപ്പിക്കാത്ത,
ശരീരത്തില്‍ വിയര്‍പ്പൊഴുക്കാത്ത തന്റെ സൂര്യനെമാത്രം അയാള്‍ കണ്ടില്ല.
എല്ലാവരും കുറ്റപ്പെടുത്തുന്ന,തനിക്കുമാത്രം അനുഭവിക്കാന്‍ കഴിയാത്ത തന്റെ സൂരൃനെ
പക്ഷേ ഒന്നയാള്‍ക്കു നിശ്ചയമുണ്ടായിരുന്നു, എവിടെയോ തന്റെ സൂരൃനുണ്ട് ജ്വലിക്കുന്ന,
ചൂടും ,വെളിച്ചവുംതരുന്ന തന്റെ സൂരൃന്‍. പിന്നേയും അയാള്‍ പലരോടും അന്വേഷിച്ചു. അവരൊക്കെ
നിസ്സഹായരായിരുന്നു. എങ്കിലും അയാള്‍ നിരാശനയില്ല. തന്റെ സൂരൃനെത്തേടിയുള്ളയാത്ര
തുടര്‍ന്നുകൊണ്ടേയിരുന്നു. തളര്‍ന്നപ്പോള്‍ വിശ്രമിച്ചു, തോള്‍സഞ്ചിയില്‍ നിന്നും തേഞ്ഞ ബ്രഷും,
ചായങ്ങളുമെടുത്ത് അടുത്തുകണ്ട ചുമരുകളിലൊക്കെ ചിത്രങ്ങള്‍ വരച്ചു. തന്റെ സൂരൃന്റെ ,
മനോഹരമായ ചിത്രങ്ങള്‍. താന്‍ കേട്ടറിഞ്ഞ , തനിക്കുമാത്രം പ്രതൃക്ഷനാകാത്ത സൂരൃന്റെ ചിത്രങ്ങള്‍
ചിത്രംകണ്ടവരൊക്കെ അയാളെ അഭിനന്ദിച്ചു.അവരോടൊക്കെ അയാള്‍ അപ്പോഴും അന്വേഷിച്ചു
''എന്റെ സൂരൃനെക്കണ്ടോ'' അവരും നിസ്സഹായരായിരുന്നു. നെടുവീര്‍പ്പിന്റെ നേര്‍ത്ത ശബ്ദം
പരിസരത്തെ അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു......

പക്ഷേ ചിത്രംകണ്ടവരൊക്കെ അതൊരു സുന്ദരിയായ സ്ത്രീയുടെ ചിത്രമാണെന്നാണു
പറഞ്ഞത്. അതുകേട്ടയാള്‍ വീണ്ടുംവീണ്ടും കരഞ്ഞു. ശബ്ദമില്ലാതെ, കണ്ണീരിന്റെ നനവില്ലാതെ.

ദിവസത്തിന്റെ ഏതോ ഒരു നേരത്ത് അയാള്‍ക്കൊരു പുതിയ വാഗ്ദാനം ലഭിച്ചു,
ഇന്നോളം ആരും കൊടുക്കാത്ത വാഗ്ദാനം ''വരൂ സൂരൃനെ ഞാന്‍ കാട്ടിത്തരാം''.
ഒരു മോഹനിദ്രയ്ക്കടിപ്പെട്ടതുപോലെ അവനാ രൂപത്തിനു പിന്നാലേ നടന്നു റിതു ഭേദങ്ങളറിയാതെ.
അതൊരു സ്ത്രീയായിരുന്നു......ആയാത്ര ഒരു കടല്‍ത്തീരത്തവസാനിച്ചു. അവിടെ ഒരു കൊച്ചു
തോണിയുണ്ടായിരുന്നു. ആരൂപം അനന്തതയിലേയ്ക്കു വിരല്‍ചൂണ്ടി ''അതാ നിങ്ങളുടെ സൂരൃന്‍,
നോക്കൂ നിങ്ങളാ സൂരൃനെ കാണുന്നില്ലേ?'' '' എവിടെ '' അയാളാര്‍ത്തിയോടെ നോക്കി
അങ്ങനന്തതതയില്‍ അവനതു കണ്ടു....സത്യം...തന്റെ സൂരൃനതാജ്വലിക്കുന്നു....തന്റെ ശരീരം
വിയര്‍ക്കുന്നു...കണ്ണുകളിലെന്തോ നിറയുന്നു.....അയാള്‍ തൊട്ടുനോക്കി...അത്ഭുതം .....
ആ വിരലുകള്‍ നനഞ്ഞിരുന്നു
അയാളുടെ വഴികാട്ടി ആകൊച്ചു തോണി ചൂണ്ടിപ്പറഞ്ഞു ''കയറിക്കോളൂ നിങ്ങള്‍ക്കായി
ഒരുക്കിയതാണിത് പോകൂ ....നിങ്ങളുടെ സൂരൃനെ മതിയാവോളം ആസ്വദിച്ചു മടങ്ങിവരൂ''.
അയാളുടെ തോണി അങ്ങകലെ കടലില്‍ ഒരുപൊട്ടുപോലെ മറയുന്നതവള്‍ കണ്ടു
അവള്‍ക്കറിയാമായിരുന്നു ഇനിയൊരിക്കലും അയാള്‍ മടങ്ങിവരില്ലെന്ന്.

No comments:

Post a Comment